കെവിഡ് വാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡിനെതിരായ വാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം കൊണ്ടുപോകാം. ഇതിന് ചട്ടങ്ങളുണ്ടെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐസിഎംആര്‍ പുറത്തിറക്കിയ നിര്‍ദ്ദേശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. കൊവാക്‌സിന്‍ ആഗസ്ത് മാസം വിപണിയിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കയച്ച കത്താണ് വിവാദത്തിലായത്.

വാക്‌സിന്‍ പരീക്ഷണങ്ങള്‍ വേണ്ടത്ര സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ടതാണെന്നും, തോക്കിന്‍മുനയില്‍നിര്‍ത്തിയുള്ള ഗവേഷണം ഫലവത്താകില്ലെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. ശാസ്ത്രീയ ഗവേഷണത്തില്‍ ഐസിഎംആര്‍ അനാവശ്യം സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആശ്യപ്പെട്ടു.

രാജ്യത്ത് വാക്‌സിന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭാരത് ബയോടെക് അടക്കം 12 സ്ഥാപനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേര്‍ന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍മിക്കുന്ന കൊവിഡിനെതിരായ തദ്ദേശീയമായ വാക്‌സിനാണ് കൊവാക്‌സിന്‍.

മൃഗങ്ങളിലടക്കമുള്ള ആദ്യഘട്ട പരീക്ഷണം വിജകയരമായി പൂര്‍ത്തിയാക്കിയ കൊവാക്‌സിന്‍ രണ്ടാം ഘട്ടമായി മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രക്‌സ് കണ്ട്രോളര്‍ ജനറല്‍ ഈയിടെയാണ് അനുമതി നല്‍കിയത്.

Top