ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ഐസിഎംആര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ഐസിഎംആര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പത് മാസത്തിന് ശേഷം അടുത്ത ഡോസ് നല്‍കണം എന്ന് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം. ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാകുമെന്നാണ് വെള്ളിയാഴ്ചയും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ആവര്‍ത്തിച്ചത്. ലോക്‌സഭയില്‍ എന്‍ കെ  പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്‌സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികള്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിട്ടില്ല എന്നാണ് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കണ്ടെത്തിയതിന് പിന്നാലെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കിയിരുന്നു. വാക്‌സിനേഷന് അര്‍ഹരായ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയതും, നിര്‍മ്മാണ കമ്പനികള്‍ വാക്‌സീന്‍ ഉത്പാദനം കൂട്ടിയതും അനുകൂലാന്തരീക്ഷമായി സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അധിക ഡോസ് നല്‍കുന്നതില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത രോഗ പ്രതിരോധ ശേഷി കുറയുന്നവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും മൂന്നാമത് ഒരു ഡോസ് കൂടി നല്‍കി പ്രതിരോധം നിലനിര്‍ത്തുക. ആരോഗ്യമുള്ളവരില്‍ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.

Top