നിപ പ്രതിരോധത്തിന് കൊവിഡ് സുരക്ഷ നടപടികൾ സ്വീകരിക്കാമെന്ന് ഐസിഎംആർ ഡയറക്ടർ

ദില്ലി : കൊവിഡിൽ സ്വീകരിച്ച സുരക്ഷ നടപടികൾ നിപ പ്രതിരോധത്തിനും സ്വീകരിക്കാമെന്ന് ഐസിഎംആർ ഡയറക്ടർ രാജീവ് ബാൽ. കൊവിഡിന് സമാനമായി രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് നിപയും പകരുന്നതെന്നും കൈകൾ കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കാൻ വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. 20-തിലധികം മോണോക്ലോണൽ ആന്റിബോഡി ഡോസ് ഇന്ത്യയിലെത്തിക്കുമെന്നും ഐസിഎംർ ഡയറക്ടർ ജനറൽ അറിയിച്ചു. ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നതെന്നും നിലവിൽ 10 പേർക്ക് നൽകാനുള്ള ഡോസ് മാത്രമേയുള്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെയാർക്കും മരുന്ന് നൽകിയിട്ടില്ല.

അതേസമയം നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കന്നിമാസ പൂജക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ഇതേടെ നിപ ബാധിതരുടെ ആകെയെണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് ഇന്ന് നിപ സ്ഥിരികരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. മെഡിക്കൽ കോളജ് വാ‍ർഡിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടേറ്റേറ്റിൽ നാല് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് സർവ്വകക്ഷിയോഗം ചേർന്നത്. രോഗബാധിത മേഖലയിലെ പഞ്ചായത്ത് ഭാരവാഹികളുടെ യോഗവും ഇന്ന് ചേർന്നിരുന്നു.

Top