കുല്‍ഭൂഷണ്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും

ഹേഗ്: പാക്ക് ജയിലില്‍ കഴിയുന്ന കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്ന് വിധി വരാനിരിക്കുന്നത്.

2016 മാര്‍ച്ച് മൂന്നിനാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ അറിയിച്ചത്. ഇറാനില്‍ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്. കൂല്‍ഭൂഷണ്‍ ജാദവിന്റെ മോചനം സാധ്യമാക്കുന്ന തീരുമാനം നീതിന്യായ കോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Top