കുല്‍ഭൂഷണ്‍ കേസില്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കു വേണ്ടി ഹാജരാകും.

തിങ്കളാഴ്ചയാണ് കേസില്‍ വാദം തുടങ്ങുക. വാദ സമയത്ത് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ നിലപാടുകള്‍ കോടതിയെ അറിയിക്കും.

ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു. വധശിക്ഷ താത്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.

വിധി നടപ്പാക്കരുതെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചത്. കുല്‍ഭൂഷനെ തടവില്‍ വച്ചിരിക്കുന്നത് വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്ന് ഇന്ത്യ കോടതിയില്‍ വാദിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, പാക് വാദങ്ങള്‍ തള്ളിക്കളഞ്ഞു.

Top