ഗൗതം അദാനിയുടെ ഓഹരിത്തട്ടിപ്പുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഐ.സി.ജെ

ഡല്‍ഹി: നിയമവിരുദ്ധമായി ഓഹരി മൂല്യം ഉയര്‍ത്തി ഗൗതം അദാനി നടത്തിയ ഓഹരിത്തട്ടിപ്പുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേര്‍ണിലിസ്റ്റ്. അദാനിക്കെതിരായ തെളിവുകള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തക കൂട്ടായ്മയായ ‘ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്’ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഐ.സി.ജെയും തെളിവുകള്‍ പുറത്തുവിട്ടത്. നിക്ഷേപം എത്തിച്ച ഇരുവര്‍ക്കും അദാനി കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഐ.സി.ജെ ചൂണ്ടിക്കാട്ടുന്നത്.

‘എമേര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്’, ഇ.എം റീസര്‍ജന്റ് ഫണ്ട് എന്നിവയില്‍ വിനോദ് അദാനിയുടെ യു.എ.ഇയിലെ പങ്കാളി നാസിര്‍ അലി ഷാബാന്‍ അലിയും തായ്‌വാനിലെ പങ്കാളി ചാങ്ചുങ് ലിങ്ങും പണമിറക്കിയതിന്റെ തെളിവുകളാണ് ഇന്നലെ ഒ.സി.സി.ആര്‍.പി പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഐ.സി.ജെ, ആദാനി ഗ്രൂപ്പുമായി വിദേശികള്‍ നേരിട്ട് ഇടപാടുകള്‍ നടത്തിയെന്നും അദാനി കമ്ബനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിദേശികള്‍ അധികാരപത്രം നല്‍കിയിരുന്നുവെന്നും പറയുന്നു.

അദാനി ഗ്രൂപ് തലവന്‍ ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളുമൊത്തു ചേര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ തട്ടിപ്പിലൂടെ വര്‍ധനവുണ്ടാക്കിയതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഒ.സി.സി.ആര്‍.പി കണ്ടെത്തല്‍. ഓഹരി വിപണിയെ പിടിച്ചുലച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിയിക്കുന്നതു കൂടിയാണ് ദി ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ അന്തര്‍ദേശീയ പത്രങ്ങള്‍ അടങ്ങുന്ന ഈ അന്വേഷണ കൂട്ടായ്മയുടെ പുതിയ റിപ്പോര്‍ട്ട്.

2010-2013 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും രണ്ട് ഊര്‍ജ നിലയങ്ങള്‍ക്കായി ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇവ മിക്കതും അദാനിയുടെ തുറമുഖങ്ങളിലുമായിരുന്നു. എന്നാല്‍, ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ഒറിജിനല്‍ ഇന്‍വോയ്‌സ് ഇന്ത്യയില്‍ നല്‍കാതെ ഷാര്‍ജയില്‍ വിനോദ് അദാനിയുടെ പേരിലുള്ള ‘ഇലക്ട്രിജന്‍ ഇന്‍ഫ്ര എഫ്.ഇസെഡ്.ഇ’ എന്ന കമ്ബനിയിലേക്കാണ് പോയത്.

തുക ഇരട്ടിവരെ കൂട്ടിയിട്ട് ‘ഇലക്ട്രിജന്‍ ഇന്‍ഫ്ര എഫ്.ഇസെഡ്.ഇ’യുടെ പേരിലുള്ള മറ്റൊരു ഇന്‍വോയ്‌സ് ഇന്ത്യയിലെ ഗൗതം അദാനിയുടെ കമ്ബനിക്ക് നല്‍കി. കൂട്ടിനല്‍കിയ തുക ഇന്ത്യയിലെ അദാനി കമ്ബനി ഷാര്‍ജയിലെ അദാനി കമ്ബനിക്ക് നല്‍കിയശേഷം യഥാര്‍ഥ തുക ബില്‍ തുക മാത്രം ചൈനയിലേക്കും കൊറിയയിലേക്കുമൊക്കെ അയച്ച് ബാക്കി തുക യു.എ.ഇ കമ്ബനി കൈവശം വെച്ചു. ഏകദേശം 6300ഓളം കോടി ഇന്ത്യന്‍ രൂപ ഇത്തരത്തില്‍ കടത്തിയത് 2013ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ് (ഡി.ആര്‍.ഐ) കണ്ടെത്തിയിരുന്നു. നടപടികള്‍ ഒന്നും ഉണ്ടായില്ല.

യു.എ.ഇയില്‍ നിന്ന് ഈ തുക വിനോദ് അദാനിയുടെ മൊറീഷ്യസിലെ കമ്ബനിയിലേക്ക് മാറ്റി. ഈ കമ്ബനി വിനോദ് അദാനി പുതുതായി തുടങ്ങിയ മറ്റൊരു കമ്ബനിക്ക് 100 ദശലക്ഷം ഡോളര്‍ വായ്പ നല്‍കി. ആ തുക ബര്‍മുഡയിലെ ‘ഗ്ലോബല്‍ ഓപര്‍ചുനിറ്റീസ് ഫണ്ടി’ലേക്ക് മാറ്റി. അതേ തുക തിരിച്ച് മൊറീഷ്യസിലേക്കുതന്നെ കൊണ്ടുവന്ന് ‘എമേര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്’, ഇ.എം റീസര്‍ജന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചു. ഓഹരിത്തട്ടിപ്പിന് അദാനി ഉപയോഗിച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ രണ്ടു ഫണ്ടുകളാണിവ.

വിനോദ് അദാനിയുടെ യു.എ.ഇയിലെ പങ്കാളി നാസിര്‍ അലി ഷാബാന്‍ അലിയും തായ്‌വാനിലെ പങ്കാളി ചാങ്ചുങ് ലിങ്ങുമായിരുന്നു ഈ രണ്ട് ഫണ്ടിലും കൂടുതല്‍ പണമിറക്കിയത്. രണ്ട് ഫണ്ടുകളും 2013-18 കാലയളവില്‍ നാല് അദാനി കമ്ബനികളിലെ ഓഹരികള്‍ വാങ്ങിക്കൂട്ടി. യു.എ.ഇ, മൊറീഷ്യസ്, സിംഗപ്പൂര്‍, സൈപ്രസ്, ബഹാമസ്, കീമെന്‍ ദ്വീപുകള്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ദുരൂഹമായ നിരവധി കമ്ബനികള്‍ വിനോദ് അദാനിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്.

Top