ICEcream parlar case ; Supreme Court

ഡല്‍ഹി : ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി.

വിഎസിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടേയും മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട തെളിവുകളുടേയും അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.

അതേസമയം കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന വിഎസിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. വിഎസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.

റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിന്‍സെന്റ് എം.പോളിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു വിന്‍സെന്റ് എം പോളിന്റെ കണ്ടെത്തല്‍.

എന്നാല്‍ ആരോപണ വിധേയരില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ന്യായാധിപന്മാരും, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനും ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ ഉണ്ടെന്നും അതിനാല്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

വിഎസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേയും ആര്‍.സതീഷുമാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലും, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി.പ്രകാശും ഹാജരായി.

Top