Ice Cream case; LDF Government rejected Vs and hugged Pinarayi

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെ തള്ളി ഇടത് സര്‍ക്കാര്‍.

ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കി വിഎസിനെ നിരാകരിച്ച് രംഗത്തെത്തിയത് മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാലാണ്. ഇതേതുടര്‍ന്ന് വിഎസിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു

കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം തെറിക്കുന്നതിനും രാഷ്ട്രീയ ജീവിതത്തില്‍ അഗ്നിപരീക്ഷ നേരിടുന്നതിനുമിടയാക്കിയ കേസില്‍ നായനാര്‍ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന എം കെ ദാമോദരനെതിരെയും വിഎസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്നെന്നായിരുന്നു ആരോപണം.

ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ നിയമോപദേഷ്ടാവാണ് എം കെ ദാമോദരന്‍.

കെ കെ വേണുഗോപാലിന്റെ നിലപാടിന് പിന്നില്‍ എം കെ ദാമോദരന്റെ ഇടപെടലുകളാണെന്നാണ് വിഎസ് സംശയിക്കുന്നത്.

ഇപ്പോള്‍ ഇത് സംബന്ധമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രതികരണമുണ്ടാകുമെന്ന് തന്നെയാണ് സൂചന.

മുസ്ലീംലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിക്കെതിരായ തന്റെ നിയമപോരാട്ടത്തിന് എതിരായ നിലപാട് ഇടത്പക്ഷ സര്‍ക്കാര്‍ തന്നെ സ്വീകരിച്ചതിലുള്ള രോഷം സിപിഎം അഖിലേന്ത്യാ നേതൃത്വത്തെ വിഎസ് അറിയിക്കും.

കടുത്ത വിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്ന് വിഎസിന് നേരിടേണ്ടി വന്നത് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ നിലപാട് മൂലമാണെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

Top