ലോകകപ്പ് ഹീറോ, യഥാര്‍ഥ ജീവിതത്തിലും ഹീറോ; ജൊഗീന്ദറിന് സല്യൂട്ടടിച്ച് ഐസിസി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ജോഗിന്ദര്‍ ശര്‍മയെ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.2007 പ്രഥമ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായകമായത് ജോഗിന്ദറിന്റെ അവസാന ഓവറായിരുന്നു. അന്ന് ധോനിയുടെ നിര്‍ദേശമനുസരിച്ച് അവസാന ഓവര്‍ ബൗള്‍ ചെയ്ത ജൊഗീന്ദര്‍ ശര്‍മ ഇന്ത്യയുടെ ഹീറോയായി.

അന്നത്തെ ലോകകപ്പ് ഹീറോയെ പിന്നീട് ക്രിക്കറ്റ് വേദികളിലൊന്നും തന്നെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ആ ബൗളര്‍ രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും തുണയായി ഒപ്പതന്നെയുണ്ട്.

കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം. അത് ക്രിക്കറ്ററായല്ല മറിച്ച് ഒരു നിയമപാലകനായിട്ട്. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഹരിയാന പോലീസില്‍ ചേര്‍ന്ന ജൊഗീന്ദര്‍ ശര്‍മ ഇപ്പോള്‍ ഡി.എസ്.പിയാണ്.

ഇപ്പോഴിതാ കോവിഡ്-19ന് എതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ജൊഗീന്ദറിനെ അഭിനന്ദിച്ച് ഐ.സി.സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ് ഐസിസി ആദരിച്ചത്.

‘2007ല്‍ ലോകകപ്പ് ഹീറോ, 2020ല്‍ യഥാര്‍ഥ ജീവിതത്തിലെ ഹീറോ’ എന്നാണ് ഐസിസി കുറിച്ചത്. ട്വന്റി20 ലോകകപ്പ് ഫൈനലിലെ ജോഗീന്ദറിന്റെ ചിത്രവും, പൊലീസ് യൂണിഫോമില്‍ മാസ്‌ക് ധരിച്ച് ഡ്യൂട്ടി ചെയ്യുന്നതിന് ഇടയിലെ ചിത്രവും ഐസിസി ആരാധകരുമായി പങ്കുവെച്ചു.

Top