ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടിക; തോല്‍വിയിലും വിരാടിന്റെ സ്ഥാനത്തിന് മാറ്റമില്ല

Virat-Kohli

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും വിരാടിന്റെ സ്ഥാനത്തിന് മാറ്റമില്ല. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നിന്നാണ് വിരാടിന്റെ സ്ഥാനത്തിന് മാറ്റമില്ലാത്തത്. 937 റേറ്റിംഗ് പോയിന്റുമായി കൊഹ്‌ലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇന്ത്യ 3-1 എന്ന നിലയില്‍ പരമ്പര കൈവിട്ട നിലയിലാണ്. മൂന്ന് ടെസ്റ്റുകളില്‍ തോറ്റെങ്കിലും പരമ്പരയില്‍ 544 റണ്‍സ് നേടി കൊഹ്‌ലി റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലാണ്.

സതാംപ്ടണില്‍ ഇന്ത്യ തോറ്റ നാലാം ടെസ്റ്റിലും കൊഹ്‌ലി മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സ് നേടിയ നായകന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 58 റണ്‍സും നേടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. സതാംപ്ടണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര റാങ്കിംഗില്‍ ആറാം സ്ഥാനത്തുണ്ട്.

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കൊഹ്‌ലി മുന്നിലെത്തിയത്. അതേസമയം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ്‌ലി. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കൊഹ്‌ലിക്ക് മുന്നേ ഈ ലിസ്റ്റില്‍ അവസാനമായി ഇടം പിടിച്ചത്. രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

Top