സിംബാബ്വെയ്ക്ക് വിലക്കേര്‍പ്പെടുത്തി ഐസിസി

ലണ്ടന്‍: സിംബാബ്വെയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്റെ ഭരണനേതൃത്വം ക്രിക്കറ്റ് ഭരണത്തിലും അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതോടെ, ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ സിംബാബ്വെയെ പ്രതിനിധീകരിച്ച് ടീമുകള്‍ക്ക് പങ്കെടുക്കാനാകില്ല.

ഒരാഴ്ചയായി ലണ്ടനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിംബാബ്‌വെയെ വിലക്കാനുള്ള തീരുമാനം. ഐസിസിയുടെ ചട്ടമനുസരിച്ച് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുത്തില്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നാണ് ഐസിസി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം കേട്ടശേഷമാണ് വിലക്കാനുള്ള ഐസിസിയുടെ തീരുമാനം.

കൂടാതെ ഐസിസിയില്‍നിന്ന് സിംബാബ്‌വെയ്ക്ക് ലഭിച്ചുവന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി. മാത്രമല്ല, അടുത്ത വര്‍ഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി- ട്വന്റി ലോകകപ്പുകളുടെ യോഗ്യതാ മല്‍സരങ്ങളും സിംബാബ്‌വെയ്ക്കു നഷ്ടമാകും. സിംബാബ്‌വെയുടെ ക്രിക്കറ്റ് വികസനത്തിനും താരങ്ങളുടെ പരിപോഷണത്തിനുമായി ഐസിസി നല്‍കുന്ന ഫണ്ടുകള്‍ വകമാറി ഭരണകൂടത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിലക്കിനു കാരണമെന്നാണ് സൂചന.

പണപ്പെരുപ്പം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് സിംബാബ്‌വെ. അംഗരാജ്യങ്ങള്‍ക്ക് യുഎസ് ഡോളറിലാണ് ഐസിസി ഫണ്ട് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഫണ്ട് ഭരണകൂടം പിടിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടിയന്തര വിലക്കിനു കാരണം.

2015ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ‘വാണിങ്’ നല്‍കിയ സംഭവമുണ്ടെങ്കിലും ഒരു സമ്പൂര്‍ണ അംഗരാജ്യത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. അതേസമയം, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റ് ഭരണത്തിലെ രാഷ്ട്രീയ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ വിലക്കിലാണ്. എങ്കിലും നേപ്പാളിന്റെ ദേശീയ ടീമുകള്‍ക്ക് ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല.

Top