ICC World Twenty20 India 2016 schedule announced

മുംബൈ: ഐസിസി ലോക ട്വന്റി-ട്വന്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് എട്ടിന് ആരംഭിക്കും. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ടീമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും. ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്.

ഗ്രൂപ്പുകളും മത്സരക്രമങ്ങളും ഐസിസി പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ ആദ്യ റൗണ്ട് മത്സരങ്ങളാണ്. സൂപ്പര്‍ 10ലേക്ക് യോഗ്യത തേടി എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും.

ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ആദ്യ റൗണ്ടിലെ ഗ്രൂപ്പ് എയിലുള്ളത്. സിംബാബ്‌വെ, സ്‌കോട്ട്‌ലന്‍ഡ്, ഹോങ്‌കോങ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ബി ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകളില്‍ നിന്നും ഓരോ ടീമുകള്‍ രണ്ടാം റൗണ്ടിലെത്തും.

മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് രണ്ടാം ഘട്ടം. പാകിസ്താന് പുറമേ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് സൂപ്പര്‍ 10ല്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ളത്. ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത നേടുന്ന ടീമും ഈ ഗ്രൂപ്പിലെത്തും. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഗ്രൂപ്പ് ബിയിലെ ജേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സൂപ്പര്‍ 10 റൗണ്ടിലെ മറ്റൊരു ഗ്രൂപ്പ്.

മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിന് എതിരെ നാഗ്പൂരാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് 19ന് ധര്‍മശാലയില്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യ 23ന് ബെംഗളൂരുവില്‍ ആദ്യ റൗണ്ട് ഗ്രൂപ്പ് എ ജേതാക്കളുമായും 27ന് മൊഹാലിയില്‍ ഓസീസുമായും ഏറ്റുമുട്ടും.

മാര്‍ച്ച് 30ന് ഡല്‍ഹിയിലും 31ന് മുംബൈയിലുമാണ് സെമി ഫൈനലുകള്‍ നടക്കുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍.

Top