കൊഹ്‌ലിപ്പട ഇന്ന് കിവീസിനെതിരെ; ഫൈനല്‍ ടിക്കറ്റ് ആര്‍ക്ക്???

ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്റിനെ നേരിടും. പന്ത്രണ്ടാം ഐസിസി ലോകകപ്പിലെ ആദ്യ സെമി പോരാട്ടമാണ് ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.

കളിച്ച എട്ടുകളികളില്‍ ഏഴും ജയിച്ച് 15 പോയിന്റോടെ പട്ടികയില്‍ ഒന്നാമതായാണ് ഇന്ത്യ സെമിയില്‍ എത്തിയത്. ഏറക്കുറെ ആധികാരികമായിരുന്നു ഇക്കുറി ഇന്ത്യയുടെ മുന്നേറ്റം. പ്രാഥമിക ഘട്ടത്തില്‍ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രമായിരുന്നു. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. ഒരുഘട്ടത്തില്‍ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയും ന്യൂസീലന്‍ഡ് നേരിട്ടു. ഒടുവില്‍ പോയന്റ് പട്ടികയില്‍ പാക്കിസ്ഥാന് ഒപ്പമായിരുന്നെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സെമിയിലെത്തിയത്. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയില്‍ ഇന്ത്യ ഒരുപടി മുന്നിലാണ്. ഇത് ഏഴാംതവണയാണ് ഇന്ത്യ സെമി കളിക്കുന്നത്. ന്യൂസിലന്റിന് ഇത് ലോകകപ്പ് ചരിത്രത്തിലെ എട്ടാം സെമിയുമാണ്.

ഇന്നത്തെ സെമിയിലെ രസകരമായ വസ്തുത 11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു എന്നതാണ്. അന്നും ഇന്ത്യയെ നയിച്ചത് വിരാടും, ന്യൂസിലന്റ് ക്യാപ്റ്റന്‍ വില്യംസണും. ഇന്നും നായകന്‍മാര്‍ക്ക് മാറ്റമൊന്നുമില്ല. എന്നാല്‍ അന്ന് കിവീസിനെ തോല്‍പ്പിച്ച് ജേതാക്കളായത് ഇന്ത്യയായിരുന്നു. ഇന്നത്തെ മത്സരം ഇന്ത്യ ജയിച്ചാല്‍ വിരാടിന് തന്റെ വിജയം ഒരു തുടര്‍ക്കഥയാക്കാം. പകരം കിവീസിനാണ് വിജയമെങ്കില്‍ അത് വില്യംസണിന്റെ ഒരു മധുര പ്രതികാരവും ആകും.

Top