ആദ്യകിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും കിവീസും, ലോകകപ്പിന്റെ അവകാശികളെ നാളെയറിയാം

സിസി ലോകകപ്പിന്റെ പുതിയ അവകാശികളെ നാളെ ലോര്‍ഡ്‌സില്‍ അറിയാം. ലോകകപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്റും ഇംഗ്ലണ്ടും നാളെ കളിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പടിക്കു പുറത്താക്കിയാണ് ഇംഗ്ലണ്ട് ഫൈനല്‍ ഉറപ്പിച്ചത്. മുന്‍പ് മൂന്ന് തവണ ഫൈനല്‍ കളിച്ചെങ്കിലും കിരീടം ചൂടാന്‍ ഇംഗ്ലീഷ് പടയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഇന്ത്യയുടെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്റിന്റെ ഫൈനല്‍ പ്രവേശം. ഇതുവരെയും കിരീടം ചൂടാത്ത കിവീസിന്റെ രണ്ടാമത്തെ ഫൈനലാണ് ഇത്.

നാളെ നടക്കുന്ന ഫൈനല്‍ ഇരു ടീമുകള്‍ക്കും ആവേശ പോരാട്ടമായിരിക്കും. ബാറ്റിലേക്കെത്തുന്ന ആദ്യ പന്തു മുതല്‍ അടിച്ചു പറത്താന്‍ ഒരുപോലെ ശേഷിയുള്ളവര്‍ ചേരുമ്പോള്‍ ഇംഗ്ലീഷ് ബാറ്റിന്റെ ആഴം കിവീസിനെ ഭയപ്പെടുത്തും. എന്നാല്‍ കെയ്ന്‍ വില്യംസണിന്റെയും റോസ് ടെയ്ലറുടെയും ബാറ്റുകളില്‍ അതിനുള്ള മറുപടിയും ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. എങ്കിലും കലാശപ്പോരാട്ടത്തില്‍ ആര് വാഴും, അര് വീഴും എന്ന് പ്രവചനാധീതം തന്നെ.

Top