ഐസിസി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്ക് ടി20 പദവി നല്‍കാനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഐസിസി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും ടി20 പദവി നല്‍കാനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ ഐസിസിയുടെ മുഴുവന്‍ സമയം അംഗത്വമുള്ളത് 12 രാജ്യങ്ങള്‍ക്കാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, സിംബാബ്വെ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സ്‌കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ്, ഹോങ്കോങ്ങ്, യു.എ.ഇ, ഒമാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടി20 പദവിയുള്ളത്.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ 86 രാജ്യങ്ങള്‍ക്ക് കൂടി പുതുതായി ടി20 പദവി ലഭിക്കും. ഐസിസിയുടെ ഈ ചരിത്ര തീരുമാനത്തോടെ ബ്രസീല്‍, അര്‍ജന്റീന, പെറു, അമേരിക്ക, ചിലി, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ടി20 പദവി സ്വന്തമാക്കും.

Top