ഐസിസി ടെസ്റ്റ് റാങ്കിങ്: രോഹിത്തിന് കരിയറിലെ മികച്ച നേട്ടം

.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ എട്ടിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിന് നേട്ടമായത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 161 റണ്‍സെടുത്ത രോഹിത് മൂന്നാം ടെസ്റ്റിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 66 റണ്‍സടിച്ചിരുന്നു.

ഇതിനു മുമ്പ് 2019 ഒക്ടോബറില്‍ 10-ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്. അതേസമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10 പേരിലുള്ള ഒരേയൊരു സ്പിന്നര്‍ അശ്വിനാണ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട് എന്നിവരാണ് രണ്ട് മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങള്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ആറാം സ്ഥാനത്ത്.

ന്യൂസിലന്‍ഡ് താരം ഹെന്റി നിക്കോള്‍സ് ഏഴാം സ്ഥാനത്തുണ്ട്. രോഹിത്തിനും പൂജാരയ്ക്കും ഇടയില്‍ ഒമ്പതാം സ്ഥാനത്താണ് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ് തന്നെയാണ് ഒന്നാമത്. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ബൂമ്ര. ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സണ് മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായി. ആറാം സ്ഥാനത്താണ് അദ്ദേഹം. സ്റ്റുവര്‍ട്ട് ബ്രോഡ് ഏഴാം സ്ഥാനത്തേക്കിറങ്ങി.

Top