ഐസിസി റാങ്കിംഗ്; വമ്പന്‍ കുതിപ്പ് നടത്തി വിരാട് കോലിയും അക്ഷര്‍ പട്ടേലും; അശ്വിന്‍ തന്നെ ഒന്നാം സ്ഥാനത്ത്

ദുബായ്: ഐസിസി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ആര്‍ അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 25 വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ റാങ്കിംഗില്‍ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണൊപ്പമായിരുന്നു അശ്വിന്‍ ഒന്നാം സ്ഥാനം പങ്കിട്ടിരുന്നത്. പുതിയ റാങ്കിംഗില്‍ 869 റേറ്റിംഗ് പോയന്റുമായി അശ്വിന്‍ ഒറ്റക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 859 റേറ്റിംഗ് പോയന്റുള്ള ആന്‍ഡേഴ്സണ്‍ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍ ഒരു സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്താണ്. ഇംഗ്ലീഷ് പേസര്‍ ഒലി റോബിന്‍സണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗില്‍ അഹമ്മദാബാദ് ടെസ്റ്റിലെ സെഞ്ചുറിയോടെ വിരാട് കോലി എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. ഉസ്മാന്‍ ഖവാജയാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഖവാജ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ നാല് സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറിയോടെ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് മൂന്ന് സ്ഥാനം ഉയര്‍ന്ന് പതിനേഴാമതെത്തി.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സ്ഥാനം ഉയര്‍ന്ന് അക്ഷര്‍ പട്ടേല്‍ നാലാം സ്ഥാനത്തെത്തി.

Top