ഐസിസി റാങ്കിംഗ്, ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് വിരാട് കോഹ്‌ലി

ദുബായ്: ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ച് പിടിച്ചു. ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് കോഹ്ലിക്ക് നേട്ടമായത്.

ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് കോഹ്ലി മറികടന്നത്. ഫെബ്രുവരി 25 മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എ.ബിയെ 22 പോയിന്റുകള്‍ക്കാണ് കോഹ്ലി പിന്നോട്ടടിച്ചത്.

2017 ജനുവരിയിലാണ് ഇതിമുമ്പ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ നാലു ദിവസം മാത്രമായിരുന്നു അന്നത്തെ ഒന്നാം സ്ഥാനത്തിന്റെ ആയുസ്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ഏറെനാളുകള്‍ക്കു ശേഷം ആദ്യ 10-ല്‍ തിരിച്ചെത്തി. രോഹിത് ശര്‍മ, ധോണി, യുവരാജ് എന്നിവര്‍ യഥാക്രമം 13, 14, 88 സ്ഥാനങ്ങളിലാണ്.

ഇന്ത്യന്‍ പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാറാണ് മുന്നില്‍. ഭുവി 23 ാം സ്ഥാനത്താണ്. ഉമേഷ് യാദവ് 41, ജസ്പ്രീത് ബുമ്ര 43-ാം റാങ്കും നേടി.

സ്പിന്നര്‍മാരായ അശ്വിന്‍ രണ്ടുസ്ഥാനം നഷ്ടപ്പെട്ട് 20-ാമതും രവീന്ദ്ര ജഡേജ മൂന്നുസ്ഥാനം നഷ്ടപ്പെട്ട് 29-ാം റാങ്കിലുമെത്തി. ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Top