ഐ.സി.സി ‘പ്ലേയര്‍ ഓഫ് ദ മന്ത്’ അവാർഡ് നോമിനേഷനില്‍ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തും

rishabh pant

ലണ്ടന്‍: ഐ.സി.സി നൽകുന്ന ‘പ്ലേയര്‍ ഓഫ് ദ മന്ത്’ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് പുറത്തു വിട്ടു. ജനുവരി മാസത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പുരുഷ- വനിതാ താരത്തിനാണു അവാര്‍ഡ് സമ്മാനിക്കുക. ജനുവരി മുതലാണ് ഐസിസി ‘പ്ലേയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം ഏർപ്പെടുത്തിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും നോമിനേഷനില്‍ ഇടം പിടിച്ചിട്ടുണ്ട്. പുരുഷതാരങ്ങളില്‍ ഋഷഭ് പന്തിനെക്കൂടാതെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, അയര്‍ലന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങ് എന്നിവരും അവസാന മൂന്നില്‍ ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നേടിയ 97 റണ്‍സാണ് പന്തിനെ അവസാന മൂന്നിലെത്തിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ റൂട്ട് 228 റണ്‍സും 186 റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും സെഞ്ചുറി നേടിക്കൊണ്ടാണ് സ്റ്റിര്‍ലിങ് പട്ടികയില്‍ ഇടം നേടിയത്. വനിതാ താരങ്ങളില്‍ പാകിസ്താന്റെ ഡയാന ബൈഗ്, സൗത്ത് ആഫ്രിക്കയുടെ ഷബ്‌നിം ഇസ്മയില്‍, മറീസന്നെ ക്യാപ്പ് എന്നിവരാണ് മത്സരിക്കുന്നത്.

Top