ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി ഐസിസി

ദുബായ്: ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു. ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തലവൻ ഇയാൻ വാട്മോറാണ് ഐസിസി ഒളിമ്പിക് വർക്കിങ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷൻ.

അമേരിക്കയിൽ 30 മില്ല്യൺ ക്രിക്കറ്റ് ആരാധകരാണുള്ളത്. ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അനുയോജ്യമായ വേദിയാണ് ലോസ് ഏഞ്ചൽസിലേതെന്നും ഐസിസി വ്യക്തമാക്കുന്നു.

ഒളിമ്പിക്സിൽ ഒരൊറ്റ തവണ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900-ത്തിലെ പാരിസ് ഒളിമ്പിക്സിലായിരുന്നു ഇത്. അന്ന് ബ്രിട്ടനും ഫ്രാൻസും മാത്രമാണ് മത്സരിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് ബ്രിട്ടൻ ജേതാക്കളായി.

അതേസമയം അടുത്ത വർഷം ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടാകും. 1998-ന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇത്തവണ വനിതാ ക്രിക്കറ്റും മത്സര ഇനമായി ഉണ്ടാകും

Top