പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നൽകാനൊരുങ്ങി ഐസിസി

ലണ്ടന്‍: എല്ലാ മാസവും ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഒരു മാസത്തെ പ്രകടനം കണക്കിലെടുത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പുരുഷ, വനിതാതാരങ്ങള്‍ക്ക് പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നൽകാനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിലെ ഏറ്റവും മികച്ച താരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്തും മുഹമ്മദ് സിറാജും ടി.നടരാജനും വാഷിങ്ടണ്‍ സുന്ദറുമൊക്കെയുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് താരങ്ങള്‍ ലിസ്റ്റില്‍ ഇടം നേടിയത്. നിലവില്‍ പുരുഷതാരങ്ങളുടെ പട്ടികയില്‍ ഇവരെക്കൂടാതെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും ഓസിസ് താരം സ്റ്റീവ് സ്മിത്തുമുണ്ട്.

ഐ.സി.സി വോട്ടിങ് അക്കാദമി, മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ് തുടങ്ങിയവര്‍ അണിനിരക്കുന്ന വിദഗ്ധ സമിതിയാണ് മികച്ച താരങ്ങളെ തെരെഞ്ഞെടുക്കുക. ടെസ്റ്റ്-ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എല്ലാ താരങ്ങളെയും പുരസ്‌കാരത്തിനായി പരിഗണിക്കും. എല്ലാ മാസത്തിലെയും രണ്ടാമത്തെ തിങ്കളാഴ്ച പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും. വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയുമാണ് ജേതാക്കളെ പ്രഖ്യാപിക്കുക.

Top