ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഐസിസി

ദുബായ്: ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ണായക തീരുമാനവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രംഗത്ത്. 2023-2031 കാലഘട്ടത്തിലെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളെക്കുറിച്ച് തീരുമാനിക്കാന്‍ ചേര്‍ന്ന ഐസിസി യോഗത്തിലാണ് ലോകകപ്പുകളില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഫലത്തില്‍, 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ 14 ടീമുകള്‍ കിരീടത്തിനായി പോരടിക്കും.ഇതിനു പുറമെ ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ട്വന്റി20 ലോകകപ്പ് സംഘടിപ്പിക്കും.

2017 മുതല്‍ മുടങ്ങിയിരിക്കുന്ന 50 ഓവര്‍ ചാംപ്യന്‍സ് ട്രോഫിയും പഴയപടി തിരിച്ചെത്തും. ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ കിരീടത്തിനായി മത്സരിക്കുന്ന പഴയ ഫോര്‍മാറ്റ് തന്നെയാകും ചാംപ്യന്‍സ് ട്രോഫിയില്‍ പിന്തുടരുക. 2025, 2029 വര്‍ഷങ്ങളിലാകും ചാംപ്യന്‍സ് ട്രോഫി നടക്കുക.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ നിലവിലെ രീതി പിന്തുടരാനും ഐസിസി തീരുമാനിച്ചു. ഒന്‍പതു ടീമുകള്‍ രണ്ടു വര്‍ഷം കൊണ്ട് ആറു പരമ്പരകള്‍ കളിക്കുന്ന രീതിയില്‍ത്തന്നെ ടൂര്‍ണമെന്റ് മുന്നോട്ടു പോകും.

ഇതനുസരിച്ച് 2025, 2027, 2029, 2031 വര്‍ഷങ്ങളിലാകും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ അരങ്ങേറുക. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഈ മാസം 18 മുതല്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടാനിരിക്കെയാണ് ടൂര്‍ണമെന്റുമായി മുന്നോട്ടു പോകാന്‍ ഐസിസി തീരുമാനിച്ചത്.

ഐസിസി യോഗത്തിലെ സുപ്രധാന തീരുമാനം 2027, 2031 ഏകദിന ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തുന്നതു തന്നെയാണ്. ഇതോടെ ഇരു ലോകകപ്പുകളിലും 54 മത്സരങ്ങള്‍ വീതമുണ്ടാകും.

2015 മുതലാണ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10 ആയി ചുരുക്കിയത്. അന്നു മുതല്‍ എണ്ണം വര്‍ധിപ്പിക്കാനുള്ള ആവശ്യം ശക്തമാണ്. ഫലത്തില്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാകും 10 ടീമുകളുടെ പങ്കാളിത്തം. മാത്രമല്ല, 2003ലെ ഏകദിന ലോകകപ്പിനു സമാനമായി സൂപ്പര്‍ സിക്‌സ് ഘട്ടം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും തിരികെയെത്തും.

ഏഴു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളില്‍നിന്ന് മൂന്നു വീതം ടീമുകള്‍ സൂപ്പര്‍ സിക്‌സിലേക്ക് മുന്നേറും. പിന്നാലെ സെമിഫൈനലുകളും ഫൈനലും. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഐസിസി നീക്കങ്ങളുടെ കുന്തമുനയായ ട്വന്റി20 ലോകകപ്പില്‍, 2024 മുതല്‍ 20 ടീമുകള്‍ വീതം പങ്കെടുക്കും.

അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകള്‍ വീതം ഓരോ ഗ്രൂപ്പില്‍നിന്നും സൂപ്പര്‍ എട്ട് ഘട്ടത്തിലേക്കു കടക്കും. പിന്നാലെ സെമിഫൈനലുകളും ഫൈനലും. 2024, 2026, 2028, 2030 വര്‍ഷങ്ങളിലായാണ് ട്വന്റി20 ലോകപ്പുകള്‍ നടക്കുക. ആകെ 55 മത്സരങ്ങള്‍ വീതം ഓരോ ലോകകപ്പിലും ഉണ്ടാകും.

ചാംപ്യന്‍സ് ട്രോഫിയുടെ കാര്യത്തില്‍ മുന്‍പ് പിന്തുടര്‍ന്ന അതേ ശൈലിയില്‍ത്തന്നെ ടൂര്‍ണമെന്റ് പുനഃസംഘടിപ്പിക്കും. ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിയിലേക്കു മുന്നേറും. ശേഷം ഫൈനല്‍.

 

Top