ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ച ഐ.സി.സി നടപടിക്കെതിരേ വിമര്‍ശനം

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ച ഐ.സി.സി നടപടിക്കെതിരേ ശക്തമായ വിമര്‍ശനവുമായി ആരാധകര്‍.

ഐ.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ‘ഹാള്‍ ഓഫ് ഫെയിം’ പേജിലാണ് രാഹുല്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഐ.സി.സിയുടെ ഈ നടപടി താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവുമായി ആരാധകരിപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി- 20 മത്സരത്തിനു മുമ്പ് പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ കാണാന്‍ ദ്രാവിഡ് എത്തിയിരുന്നു. ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്കൊപ്പം ദ്രാവിഡ് നില്‍ക്കുന്ന ചിത്രം ബി.സി.സി.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. ഇതോടൊപ്പമുള്ള ബി.സി.സി.ഐയുടെ അടിക്കുറിപ്പും ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരായ രണ്ടു പേര്‍ കണ്ടുമുട്ടിയപ്പോള്‍’ എന്നായിരുന്നു ചിത്രത്തിന് താഴെ ബി.സി.സി.ഐ കുറിച്ചത്.

ദ്രാവിഡിനെ പോലെ ഒരാള്‍ക്കൊപ്പം ചേര്‍ത്ത് മഹാനായ താരം എന്നു പറയാന്‍ ശാസ്ത്രിക്ക് എന്ത് യോഗ്യതയാണുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യയ്ക്കായി 1996 മുതല്‍ 2012 വരെ 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,177 റണ്‍സിന്റെ പെരുമയുള്ള ദ്രാവിഡിനെ അപമാനിക്കുന്ന നടപടിയാണ് ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാണ് ആരാധകരുടെ ആരോപണം.

Top