കേരളത്തിലെ ‘ഈഡന്‍ ഗാര്‍ഡന്റെ’ ചിത്രം പങ്കുവച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

തിരുവനന്തപുരം: ലോകത്തിലെമ്പാടും ഏത് പ്രദേശത്തും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്ന പതിവുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍. ഇത്തരത്തില്‍ ഇത്തവണ അവര്‍ പങ്കുവച്ചത് കേരളത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ്.

തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള കാഴ്ചയാണ് പങ്കുവച്ചിരിക്കുന്നത്. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഫോട്ടോയില്‍. സുബ്രഹ്മണ്യന്‍ എന്നയാളാണ് ഫോട്ടോ എടുത്തതെന്ന് ഐസിസിയുടെ പോസ്റ്റില്‍ പറയുന്നു. മലയാളികള്‍ അടക്കം നിരവധിപ്പേരാണ് ഇതിനകം തന്നെ പോസ്റ്റില്‍ ലൈക്കും കമന്റും നടത്തിയിരിക്കുന്നത്. അവസാനം പരിശോധിക്കുമ്പോള്‍ പോസ്റ്റിനുള്ള ലൈക്ക് അരലക്ഷം കവിഞ്ഞിട്ടുണ്ട്. അയിരത്തിലേറെ ഷെയറും വന്നിട്ടുണ്ട്.

രസകരമായ കമന്റുകളാണ് പോസ്റ്റില്‍ വന്നിരിക്കുന്നത്. ഏറെയും മലയാളികളാണ് കമന്റ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ കണ്ടം ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നാണ് ചിലരുടെ കമന്റ്. അന്താരാഷ്ട്ര മാച്ചുകളില്‍ ബിസിസിഐ ഈ പിച്ചുകള്‍ കണ്ടാണോ പിച്ചൊരുക്കുന്നത് എന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്‍ ചോദിക്കുന്നത്.

 

Top