അഫ്ഗാനിസ്ഥാന്‍ ടി-20 ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് ഐസിസി

ഫ്ഗാനിസ്ഥാന്‍ ടി-20 ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് ഐസിസി. ഇടക്കാല സിഇഒ ജെഫ് അല്ലാര്‍ഡിസ് ആണ് അഫ്ഗാനിസ്ഥാന്റെ പങ്കെടുക്കല്‍ സ്ഥിരീകരിച്ചത്. അവര്‍ ഐസിസി ഫുള്‍ മെമ്പര്‍ ആണെന്നും ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണെന്നും അല്ലാര്‍ഡിസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഐസിസിയുടെ വെളിപ്പെടുത്തല്‍.

ഐസിസി നിയമപ്രകാരം ഫുള്‍ മെമ്പറായ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പുരുഷ ടീമിനൊപ്പം വനിതാ ടീമും ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍, താലിബാന്‍ ഭരണത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ ക്രിക്കറ്റ് ടീമിനെ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുരുഷ ടീമിനെ ലോകകപ്പില്‍ നിന്ന് വിലക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി ഐസിസി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

 

Top