പോയിന്റ് സമ്പ്രദായത്തില്‍ മാറ്റം; ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തി ഓസീസ്

ദുബായ്: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ക്രമത്തില്‍ മാറ്റം വരുത്താന്‍ ഐസിസി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പോയന്റ് സമ്പ്രദായത്തിലെ മാറ്റം.

കൊവിഡ് 19 കാരണം ഒട്ടേറെ ടെസ്റ്റ് പരമ്പരകള്‍ താളം തെറ്റിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതുവരെ കളിച്ച് നേടിയ പോയന്റുകളുടെ ശതമാനക്കണക്കിലാണ് പുതിയ പോയന്റ് സമ്പ്രദായം നിലവില്‍ വന്നത്. ഇതോടെ മൂന്ന് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരങ്ങള്‍ ജയിച്ച് 296 പോയന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഇന്ത്യയെ പിന്തള്ളി കൊണ്ടാണ് ഓസ്‌ട്രേലിയ പുതിയ മാറ്റം വരുത്തലിലൂടെ ഒന്നാം സ്ഥാനത്ത് കയറിയത്.

നാല് പമ്പരകളില്‍ നിന്ന് ഏഴ് മത്സരം ജയിച്ച് 360 പോയന്റ് നേടിയിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. പോയന്റ് ശതമാനക്കണക്കില്‍ ഓസീസിന് 82.2 ശതമാനവും ഇന്ത്യക്ക് 75 ശതമാനവുമാണുള്ളത്.

60.8 ശതമാനം പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 50 ശതമാനം പോയിന്റുള്ള ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമാണ്. പൂര്‍ത്തിയായ മത്സരങ്ങളുടെയും നേടിയ പോയന്റിന്റെയും ശതമാനക്കണക്കാണ് റാങ്കിംഗിന്റെ അടിസ്ഥാനമായി എടുത്തിരിക്കുന്നത്.

Top