ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സി എത്തുമെന്ന് സൂചന

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സി എത്തുമെന്ന് സൂചന നല്‍കി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് ഏതാണ്ടുറപ്പായി. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി.

1979ല്‍ അമേരിക്കയുടെ പിന്തുണയുള്ള രാജഭരണത്തെ തകര്‍ത്തെറിഞ്ഞ് അധികാരത്തിലെത്തിയ അന്ന് മുതല്‍ ആയത്തുള്ള ഖമേനിയാണ് ഇറാന്റെ പരമാചാര്യന്‍. മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഖമേനിക്ക് കൂട്ട് നിന്നതിന് ഇബ്രാഹിം റെയ്‌സിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് തടവുകാരെയാണ് അന്ന് തൂക്കിലേറ്റിയത്. 2009ല്‍ ആയത്തുള്ള ഖമനയിക്കെതിരെ ഉണ്ടായ പ്രതിഷേധം അടിച്ചമര്‍ത്തിയതിന് പിന്നിലും ഇബ്രാഹിം റെയ്‌സിയുടെ കരങ്ങളുണ്ട്.

ഇറാനിലെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം റെയ്‌സിക്ക് വേണ്ടി വെള്ളിയാഴ്ച രാവിലെ ആയത്തുള്ള ഖമേനി ആദ്യ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് മുഴുവന്‍ പൗരന്മാരോടും റെയ്‌സിക്ക് വോട്ട് ചെയ്യാന്‍ ഖമേനി ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിവരെ വോട്ടിംഗ് നടക്കും. പിന്നീട് രണ്ട് മണിക്കൂറില്‍ വിജയിയെ പ്രഖ്യാപിക്കും.

മിതവാദിയായ മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി കൂടിയായ അബ്ദുള്‍നസീര്‍ ഹിമ്മത്തിയാണ് ഇബ്രാഹിം റെയ്‌സിയുടെ മുഖ്യ ഏതിരാളി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് അനുമതി കിട്ടിയത്. ഇതില്‍ രണ്ട് പേര്‍ ബുധനാഴ്ച പിന്‍മാറിയതിനാലും മറ്റുള്ളവര്‍ അത്രയ്‌ക്കൊന്നും പ്രശസ്തരല്ലാത്തതിനാലും ഇബ്രാഹിം റെയ്‌സിയുടെ വിജയം ഉറപ്പിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Top