ഇബ്രാഹിംകുഞ്ഞിന്റെ ആശുപത്രി മാറ്റം; ആവശ്യം പിന്‍വലിച്ച് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു. ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുതിയ അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷ ഇന്നലെ കോടതി നിരാകരിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന നിലപാടാണ് ഇന്നലെ കോടതി സ്വീകരിച്ചത്.

ഇതേത്തുടര്‍ന്നാണ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടു വച്ചത്. ഇതു ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഇന്നു റിപ്പോര്‍ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Top