വി.കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രാ​യ നീ​ക്കം പാ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരന്‍ എന്നുമൊക്കെയുള്ള പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ചോദ്യാവലി തയ്യാറാക്കിയെന്നാണ് വിവരം. വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് നിലപാട്. കരാറിലെ പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

മുന്‍ മന്ത്രി അറിയാതെ സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിന്നും മുന്‍ മന്ത്രി ഇടപെട്ട രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു. ഇതിനെ അടിസ്ഥാനപ്പെടുത്തി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.

Top