IAS Strike; ramesh chennithala against chief minister

Ramesh-Chennithala

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി . ഐഎഎസ് ഉദ്യോഗസ്ഥരുടെ അവധി കേരളത്തിന് അപമാനകരമാണെന്നും പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഭരണരംഗത്ത് മരവിപ്പാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഭരണപക്ഷത്തിനെതിരെ മിണ്ടാത്തതെന്താണെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണ പക്ഷത്തുള്ള ആര്‍ക്കുമെതിരെ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന് വേണ്ടി മാത്രമാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരായും തോട്ടണ്ടി ഇറക്കുമതി കേസില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരായി കോടതിയില്‍ കേസ് പരിഗണിക്കും എന്ന ഘട്ടത്തില്‍ മാത്രമാണ് ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത്.

ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കും, കെ. ബാബുവിനും എതിരെ കാണിച്ച ആവേശം ഇപ്പോള്‍ കാണിക്കാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു. ബന്ധു നിയമന വിവാദത്തില്‍ ഇ. പി. ജയരാജന് മാത്രമല്ല മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്നം മുട്ടിക്കുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അരിവില ക്രമാതീതമായി ഉയരുകയാണ്. എന്നാല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ മുന്‍ ഭക്ഷ്യ മന്ത്രി സി. ദിവാകരനെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top