പെന്‍ഷന് പുറമെ പ്രത്യേക ആനുകൂല്യവും വേണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ

ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് കിട്ടുന്നതുപോലെ തങ്ങള്‍ക്കും വിരമിക്കലിനുശേഷം പെന്‍ഷനുപുറമേ മാസംതോറും പ്രത്യേക ആനുകൂല്യം നല്‍കണമെന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ ആവശ്യം പരിശോധിക്കുന്നുവെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 25,000 രൂപയും ജസ്റ്റിസുമാര്‍ക്ക് 20,000 രൂപയുമാണ് പ്രതിമാസം പെന്‍ഷന് പുറമേ പ്രത്യേക ആനുകൂല്യമായി നല്‍കുന്നത്. മുന്‍പിത് യഥാക്രമം 14,000, 12,000 എന്നിങ്ങനെയായിരുന്നു. ഇതേ മാതൃകയില്‍ തങ്ങള്‍ക്കും ആനൂകൂല്യം വേണമെന്നാണ് ഐ.എ.എസ്.അസോസിയേഷന്‍ ആവശ്യം.

ഇത് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നാണ് പൊതുഭരണ വകുപ്പ് വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് നല്‍കിയിരിക്കുന്ന വിവരാവകാശ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. പെന്‍ഷനുപുറമേ എത്രരൂപയാണ് പ്രതിമാസ പ്രത്യേക ആനുകൂല്യമായി നല്‍കേണ്ടതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ആനുകൂല്യത്തിന് അര്‍ഹരായ വിരമിച്ച എത്ര ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന വിവരവും നിലവില്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു.

പെന്‍ഷനുപുറമേ അധിക ആനുകൂല്യം ലഭിക്കുന്ന മറ്റേതെങ്കിലും വിഭാഗമുണ്ടോ എന്ന ചോദ്യത്തിന് അത്തരം വിവരം നിലവിലില്ല എന്നാണ് മറുപടിയില്‍ പറയുന്നത്.

Top