വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കളെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും. അവരുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും മറ്റുള്ളവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഐഎഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

ഓരോ ഉദ്യോഗസ്ഥനും ഓരോ കുടുംബത്തെ ദത്തെടുക്കും. അവരെ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ സഹായിക്കും. ഉദ്യോഗസ്ഥര്‍ സംഘടനകള്‍ വഴിയാകും ഇവര്‍ക്ക് സഹായം നല്‍കുന്നത്. അവര്‍ അത് വീരജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

ആദ്യ ഘട്ടത്തില്‍ 700 യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു കുടുംബത്തെ ദത്തെടുക്കും. സൈനികര്‍ക്കുള്ള പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും ഇവര്‍ സഹായിക്കും. കുട്ടികളുടെ അഡ്മിഷനുള്ള നടപടികളും ഇവര്‍ ചെയ്യും. സൈനികന്റെ ബന്ധുക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ആവശ്യമെങ്കില്‍ ബിസിനസുകളില്‍ സഹായിക്കാനും തീരുമാനമുണ്ട്.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ തെക്കന്‍ സുക്മ മേഖലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് സഹായവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയിരുന്നു. സൈനികരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റും പൂര്‍ണ ചെലവുകള്‍ വഹിക്കുമെന്ന് ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

Top