IAS officer’s protest wrong ; cm pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശക്തമായ താക്കീതിനുമുന്നില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം പിന്‍വലിച്ചു.

ഐഎഎസുകാരുടെ പ്രതിഷേധം സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഐഎഎസ് അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്മാറി അവധി അപേക്ഷ പിന്‍വലിച്ചത്.

‘വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഐഎഎസുകാര്‍ക്കെതിരായ അന്വേഷണം ആദ്യമായല്ല നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കുണ്ടായ വികാരം സ്വാഭാവികം മാത്രമാണ് എന്നാല്‍ വികാരവും നടപടിയും രണ്ടും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ ആരും ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടെന്നും അതിനു വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎഎസുകാര്‍ സമരം നടത്തിയത് ശരിയായില്ല അത് അംഗീകരിക്കാനാകില്ല. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ പ്രതിഷേധിക്കരുത്. ഇക്കാര്യം ചര്‍ച്ചയ്ക്കുവന്ന ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സര്‍ക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തത്.

ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനൊപ്പം വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെക്കൂടി പ്രതിയാക്കിയ വിജിലന്‍സ് നടപടിയാണ് ഏറെക്കാലമായി പുകഞ്ഞിരുന്ന പ്രശ്‌നം വീണ്ടും സജീവമാക്കിയത്.

വിജിലന്‍സ് നടപടികളെത്തുടര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകള്‍ മൂലം ഫയലുകള്‍ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിര്‍വഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ പോള്‍ ആന്റണിയെ കേസില്‍ പ്രതിയാക്കിയതോടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഇന്ന് അവധിയെടുത്തു പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച വൈകിട്ടു ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്തിരുന്നു. 28 പേരും അവധിയെടുക്കണമെന്ന തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ മാത്രമാണു മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം അവധിയെടുത്താല്‍ മതിയെന്ന അഭിപ്രായം ഉന്നയിച്ചത്.

മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ നേരത്തേ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വെളിപ്പെടുത്തി.

Top