ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലല്ല; കെജ്‌രിവാളിന്റെ ആരോപണം തെറ്റെന്ന് അസോസിയേഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി ഐഎഎസ് അസോസിയേഷന്‍ രംഗത്ത്.

തങ്ങള്‍ സമരത്തിലല്ലെന്നും ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന വിവരം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഓരോ വകുപ്പും അവരവരുടേതായ ജോലികള്‍ ചെയ്യുന്നുണ്ടെന്നും ചിലപ്പോഴൊക്കെ അവധി ദിവസങ്ങളിലും തങ്ങള്‍ ജോലി ചെയ്യുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ പ്രതിനിധി മനീഷാ സക്‌സേന മാധ്യമങ്ങളോടു പറഞ്ഞു.

രാഷ്ട്രീയകാരണങ്ങള്‍ക്കു വേണ്ടിയാണ് മുഖ്യമന്ത്രി തങ്ങളെ ഉപയോഗപ്പെടുത്തുന്നതെന്ന് ഐഎഎസ് അസോസിയേഷന്‍ അംഗം വര്‍ഷാ ജോഷി പറഞ്ഞു. തങ്ങളെ തങ്ങളുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനോടുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നാലുമന്ത്രിമാരും ലെഫ്. ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്.

Top