നല്ല പോസ്റ്റിന് മുഖ്യമന്ത്രി പ്രസാദിക്കാൻ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വക പൂജയും !

Controversial IAS officer

കൊച്ചി : പ്രമാദമായ കേസന്വേഷണ തിരക്കിനിടയിലും ക്രമസമാധാന ചുമതല ലഭിക്കാന്‍ വിവാദ ഐ.പി.എസുകാരന്റെ ഉഗ്ര പൂജ.

നിയമവിരുദ്ധ പ്രവര്‍ത്തിക്ക് മുന്‍പ് സസ്‌പെന്‍ഷനിലായ ഈ ഉദ്യോഗസ്ഥന് ക്രമസമാധാന ചുമതല ലഭിക്കാത്തത് മുഖ്യമന്ത്രി കനിയാത്തതിനാലാണെന്ന അനുമാനത്തിലാണത്രെ കടുത്ത ദൈവ വിശ്വാസി കൂടിയായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പൂജക്ക് തുനിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം.

ഡി.ഐ.ജി ആയിരിക്കെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സസ്‌പെന്‍ഷനിലായ സമയത്ത് മുണ്ടക്കയത്തിനടുത്തെ കാട്ടിനുള്ളിലെ ആദിവാസി ക്ഷേത്രത്തില്‍ ഇയാള്‍ പ്രത്യേക ഭജനയും ശത്രുസംഹാര പൂജയും നടത്തിയ സംഭവം ‘പത്രമുത്തശ്ശി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചടങ്ങ് കഴിയും മുന്‍പ് കാട്ടില്‍ നിന്നും ഐ.പി.എസ് ഉന്നതന് മടങ്ങേണ്ടിയും വന്നു.

എന്നാല്‍ ഒരിക്കലും ഉദ്യോഗകയറ്റം നല്‍കാന്‍ പാടില്ലാത്ത ഗുരുതര കുറ്റമായിട്ടും പിന്നീട് പ്രമോഷന്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടി പ്രസാദിച്ചിട്ടായിരുന്നു. ഇത് പൂജയുടെ ഫലമാണെന്നാണ് പൊലീസിനകത്തെ അടക്കി പിടിച്ച സംസാരം.

ഇടകൊച്ചിയിലെ ഒരു യുവ വ്യവസായിയെ കള്ളക്കേസില്‍ കുടുക്കി ഉപദ്രവിച്ചതിനും നിലവില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. അന്ന് യുവ വ്യവസായിക്കു വേണ്ടി മുന്‍ അഡ്വ.ജനറല്‍ എം.കെ ദാമോദരനും ശക്തമായി ഇടപെട്ടിരുന്നു.

ചെങ്ങന്നൂര്‍ തിരെഞ്ഞെടുപ്പിനു ശേഷം റേഞ്ച് ഐ.ജി, എ.ഡി.ജി.പി തസ്തികകളിലും മറ്റും സ്ഥാനചലനമുണ്ടാകും എന്നറിഞ്ഞാണ് പുതിയ ‘നമ്പരു’മായി ഇപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

മുന്‍പ് പൂജ കൊണ്ട് ഉമ്മന്‍ ചാണ്ടി പ്രസാദിച്ചതു പോലെ എന്തായാലും പിണറായി പ്രസാദിക്കുമോയെന്ന് കണ്ടറിയുക തന്നെ വേണം.

നിയമ വിരുദ്ധമായ ഒരു ശുപാര്‍ശക്കും വഴങ്ങാത്ത മുഖ്യമന്ത്രി പിണറായിയുടെ നിലപാടാണ് വിവാദ ഐ.പി.എസുകാരനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നത്.

ക്രിമിനല്‍ കേസില്‍ പ്രതികളായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പ്രമോഷന്‍ തടഞ്ഞ ഡി.ജി.പിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുന്നവര്‍ ചൂണ്ടിക്കാണിക്കുന്നതും ഈ ഐ.പി.എസുകാരനെതിരായ കേസാണ്.

റിപ്പോര്‍ട്ട് :എം വിനോദ്‌

Top