സത്യസന്ധതയുടെ പ്രതിഫലം; 28 വര്‍ഷത്തെ സര്‍വ്വീസില്‍ 53ാം ട്രാന്‍സ്ഫര്‍ നേടി ഐഎഎസ് ഓഫീസര്‍

28 വര്‍ഷത്തെ സര്‍വ്വീസ്, ഇതിനിടെ ലഭിച്ചത് അന്‍പത്തിമൂന്ന് ട്രാന്‍സ്ഫര്‍. ഇതിലും വലിയ കഥയൊന്നും അശോക് ഖേംകയെന്ന ഐഎഎസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് പറയേണ്ടതില്ല. ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ ചിത്രങ്ങളിലെ ഓഫീസര്‍മാരെ പോലെ കറതീര്‍ന്ന ഔദ്യോഗിക ജീവിതമാണ് ഖേംകയുടേത്. പക്ഷെ പറഞ്ഞിട്ടെന്ത്‌ കാര്യം ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ്.

അതിന്റെ ഭാഗമായി 53ാമത് ട്രാന്‍സ്ഫര്‍ ഹരിയാന ഗവണ്‍മെന്റ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. സയന്‍സ് & ടെക്‌നോളജി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നിരുന്ന അശോക് ഖേംകയെ രേഖകള്‍ സൂക്ഷിക്കുന്ന ആര്‍ച്ചീവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് തട്ടിയത്. 28 വര്‍ഷത്തെ സേവനത്തിനിടെ ഒടുവിലത്തെ ആണി പോലെയാണ് ഈ ട്രാന്‍സ്ഫര്‍ എത്തിയത്. മാര്‍ച്ചില്‍ സ്‌പോര്‍ട്‌സ്, യൂത്ത് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റം കിട്ടിയ ഖേംക 15 മാസം മാത്രമാണ് ആ കസേരയില്‍ ഇരുന്നത്.

‘വീണ്ടും ട്രാന്‍സ്ഫര്‍. വീണ്ടും അവിടേക്ക് തന്നെ തിരിച്ചെത്തി. ഭരണഘടനാ ദിവസം ആഘോഷിച്ചതിന്റെ അടുത്ത ദിവസം തന്നെ സുപ്രീംകോടതി ഉത്തരവുകളും, നിയമങ്ങളും ഒരുവട്ടം കൂടി തകര്‍ത്തിരിക്കുന്നു. ആരെങ്കിലും ഇതില്‍ സംതൃപ്തരായി കാണും, എന്തായാലും ഞാന്‍ ഏറ്റവും മൂലയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. സത്യസന്ധതയുടെ സമ്മാനമാണ് ഈ നാണക്കേട്’, അശോക് ഖേംക ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും, റിയല്‍എസ്‌റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫുമായുള്ള അനധികൃത ഭൂമി വില്‍പ്പന റദ്ദാക്കിയതോടെയാണ് 91 ബാച്ചുകാരനായ ഈ ഐഎഎസ് ഓഫീസര്‍ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിയത്.

Top