ഐ.എ.എസുകാരുടെ നീക്കം പൊളിച്ച് കമ്മീഷണറേറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ !

തിരുവനന്തപുരം: ഐ.എ.എസ് ലോബിയുടെ എതിര്‍പ്പ് മറികടന്ന് കേരളത്തില്‍ കമ്മീഷണറേറ്റ് സാധ്യമാക്കി പിണറായി സര്‍ക്കാര്‍.

കൊച്ചി, തിരുവനന്തപുരം കമ്മീഷണറേറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഐ.ജി വിജയ് സാഖറെ കമ്മീഷണറാകും തിരുവനന്തപുരത്ത് ഐ.ജി ദിനേന്ദ്ര കശ്യപ് ആണ് കമ്മീഷണര്‍. കൊച്ചിയില്‍ ഫിലിപ്പാണ് അഡീഷണല്‍ കമ്മീഷണര്‍. നേരത്തെ ഡി.ഐ.ജി തസ്തികയായിരുന്ന പോസ്റ്റാണ് ഐ.ജി പോസ്റ്റായി ഉയര്‍ത്തിയത്.

ഇതോടെ കളക്ടര്‍മാരുടെ ചില അധികാരങ്ങള്‍കൂടി ഇനി കമ്മീഷണര്‍മാര്‍ക്ക് ലഭിക്കും. ഗുണ്ടകളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികാരത്തില്‍പ്പെടും.

മുന്‍പ് പല തവണ കമ്മീഷണറേറ്റ് നടപ്പാക്കാന്‍ കഴിഞ്ഞകാല സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും ഐ.എ.എസ് ലോബി അട്ടിമറിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി ഇക്കാര്യത്തില്‍ ഉറച്ച് നിന്നതോടെയാണ് മാറ്റം പെട്ടന്ന് സാധ്യമായത്.

ക്രമസമാധാന ചുമതല ഒറ്റ എ.ഡി.ജി.പിയുടെ കീഴിലാക്കി ദര്‍വേഷ് സാഹിബിനെ നിയമിച്ചു. സോണലുകള്‍ ഐ.ജി. തസ്തികയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ദക്ഷിണ മേഖല ഐജിയായി എം.ആര്‍ അജിത്കുമാറിനെയും, ഉത്തരമേഖല ഐജിയായി അശോക് യാദവിനെയും നിയമിച്ചിട്ടുണ്ട്. റെയ്ഞ്ചുകള്‍ പഴയ പോലെ ഡി.ഐ.ജി തസ്തികയിലേക്ക് വീണ്ടും മാറി. കണ്ണൂര്‍ റെയ്ഞ്ചില്‍ ഡിഐജി സേതുരാമനെയും തൃശൂര്‍ റെയ്ഞ്ചില്‍ സുരേന്ദ്രനെയും നിയമിച്ചു. കാളിരാജ് മഹേശ്വര്‍ ആണ് എറണാകുളം റെയ്ഞ്ച് ഡിഐജി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി സഞ്ജയ് കുമാര്‍ ഗരുഡിനെയും നിയമിച്ചൂ. അഡീഷണല്‍ കമ്മീഷണറുടെ ചുമതലയും ഇപ്പോള്‍ ഗരുഡിനാണ് നല്‍കിയിട്ടുള്ളത്. മനോജ് എബ്രഹാമാണ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി.

ഇതോടൊപ്പം 11 എസ്.പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ സ്ഥലം മാറ്റമാണിത്.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ജയില്‍ മേധാവിയായും, ആര്‍ ശ്രീലേഖയെ ട്രാഫിക്ക് മേധാവിയായും മാറ്റി. എ.അനന്തകൃഷനാണ് പുതിയ എക്‌സൈസ് കമ്മീഷണര്‍. ടോമിന്‍ തച്ചങ്കരിയെ സായുധ സേന മേധാവിയായി നിയമിച്ചു.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ.പദ്മകുമാറാണ് പുതിയ കോസ്റ്റല്‍ പോലീസ് മേധാവി. ബി.സന്ധ്യയെ ട്രെയിനിംഗ് മേധാവിയായി നിയമിച്ചു.

ബലറാം കുമാര്‍ ഉപാധ്യായായ ആണ് പുതിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി. ഇ.ജെ ജയരാജ് ക്രൈംബ്രാഞ്ച് കോഴിക്കോട് ഐജിയാകും. ജി ലക്ഷമണ്‍ ക്രൈംറെക്കോര്‍ഡ് ബ്യൂറേ ഐജിയാകും. അനുപ് കുരുവിള ജോണ്‍ ട്രെയിനിംഗ് ഡിഐജിയാകും. എ. അക്ബറാണ് പുതിയ സെക്യൂരിറ്റി ഡിഐജി.

മെറിന്‍ ജോസഫ് കൊല്ലത്തും വികെ മധു തൃശൂരിലും കമ്മീഷണറാകും, കെജി സൈമണ്‍ കോഴിക്കോട് റൂറല്‍ എസ്പിയാകും . രാഹുല്‍ ആര്‍ നായര്‍ പോലീസ് ആസ്ഥാനത്തെ എഐജിയായി തിരിച്ചെത്തും. യതീഷ് ചന്ദ്ര ആണ് പോലീസ് ആസ്ഥാനത്തെ എസ്പി. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളുടെ ചുമതല കൂടി യതീഷ് ചന്ദ്രക്കുണ്ടാവും. കറുപ്പുസ്വാമി എഐജി രണ്ടായി പോലീസ് ആസ്ഥാനത്തെത്തും പ്രതീഷ്‌കുമാര്‍ കണ്ണൂരിലും, ശിവവിക്രം പാലക്കാടും, ടി നാരായണന്‍ മലപ്പുറത്തും, കെ കാര്‍ത്തിക് എറണാകുളത്തും, പിഎസ് സാബു കോട്ടയത്തും ,ഹരിശങ്കര്‍ കൊല്ലം റൂറലിലും ,മഞ്ജുനാഥ് വയനാട്ടിലും ജില്ലാ പോലീസ് മേധാവിമാരാകും.

അബ്ദുള്‍ കരീം ആണ് എംഎസ്പി കമാന്‍ഡന്റ് .ദേബേഷ് കുമാര്‍ ബെഹറ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡന്റ് ആകും .പുങ്കുഴലി കൊച്ചി ഡിസിപിയായും ,ഹിമേന്ദ്രനാഥ് എറണാകുളം വിജിലന്‍സിലും നിയമിതരായി. സാം ക്രിസ്റ്റി ഡാനിയല്‍ അഡിഷണല്‍ എക്‌സൈസ് കമ്മീഷണറാകും . ഐജി പി.വിജയന്‍ ആണ് പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പള്‍ . ഉമ ബെഹറ കെപ്പയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും, സുജിത്ത് ദാസിനെ റെയില്‍വേ എസ്പിയായും മാറ്റി നിയമിച്ചു. കെ എം ആന്റണിയെ തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.

Top