IAS-IPS couple need PM help to get posting in home state

ന്യൂഡല്‍ഹി: ഐഎഎസ്-ഐപിഎസ് ദമ്പതികള്‍ക്ക് ഇനി ഒരുമിച്ച് ജീവിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കനിയണം. ഒരുമിച്ച് കഴിയാന്‍ കേഡറുകള്‍ക്കിടയിലെ സ്ഥലം മാറ്റത്തിന് പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഐഎഎസ്-ഐപിഎസ് ദമ്പതികളായ നിഷയും പാര്‍ത്ഥിപനും.

2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ ഡല്‍ഹി സ്വദേശി നിഷയും ഇതേബാച്ചിലെ ഐഎഎസ് ഓഫീസര്‍ പി പാര്‍ത്ഥിപനും 2012ലാണ് വിവാഹിതരായത്. നിഷയെ തമിഴ്‌നാട് കേഡറിന് കീഴില്‍ കോയമ്പത്തൂര്‍ ഡെപ്യൂട്ടി കമ്മീഷണറായും പാര്‍ത്ഥിപനെ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശങ്ങളുമുള്‍പ്പെടുന്ന അഗ്മട്ട് കേഡറിലുമാണ് നിയമിച്ചത്.

പുതുച്ചേരിയിലാണ് പാര്‍ത്ഥിപന്‍ ജോലിചെയ്യുന്നത്. ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കാന്‍ മറ്റെയാളുടെ കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും നിഷ ഡല്‍ഹി സ്വദേശിനിയും പാര്‍ത്ഥിപന്‍ തമിഴ്‌നാട്ടുകാരനുമായതിനാല്‍ സ്വന്തം സംസ്ഥാനത്ത് നിയമനം ലഭിക്കില്ലെന്ന കാരണം കാണിച്ച് അപേക്ഷ തള്ളി. ദമ്പതികളുടെ പ്രശ്‌നം ഫെബ്രുവരി രണ്ടിന് യോഗം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരേയും കുഴക്കി. ഒടുവില്‍ ഇരുവര്‍ക്കും താല്‍പര്യമുള്ള ഏറ്റവും അടുത്ത കേഡറിലേക്ക് സ്ഥലം മാറ്റം നല്‍കുക എന്നതാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പരിഹാരം.

ഇതേതുടര്‍ന്ന് കേഡര്‍മാറ്റത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ഓഫ് കാബിനറ്റിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ദമ്പതികള്‍.

സാധാരണ ഗതിയില്‍ ഐഎഎസ്-ഐപിഎസ് ദമ്പതികള്‍ക്ക് രണ്ടുപേരില്‍ ആരുടെയെങ്കിലും ഒരാളുടെ കേഡറിലേക്ക് സ്ഥലം മാറ്റം നല്‍കുകയാണ് പതിവ്.

Top