പെര്‍ത്തിലെ കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ നിരാശനാണ്: മുന്‍ ഇന്ത്യന്‍ താരം

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വിരാട് കൊഹ്‌ലി നയിക്കുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത്.

വിരാട് കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ നിരാശനാണ്. പെര്‍ത്തില്‍ എന്തുകൊണ്ട് ജസ്പ്രീത് ബുംറയെ ഉപയോഗിച്ച് ബൗളിങ് ഓപ്പണ്‍ ചെയ്തില്ല- അദ്ദേഹം ചോദിച്ചു. ഇഷാന്തിനെയും ഷമിയെയും ഉപയോഗിച്ചുള്ള കോലിയുടെ തന്ത്രം പാളിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

പെര്‍ത്തിലെ പിച്ചില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ബുംറയാണ്. നിലവില്‍ ഈ പിച്ചില്‍ നിങ്ങളുടെ മികച്ച ബൗളറും അദ്ദേഹം തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ചിലപ്പോള്‍ മറ്റ് ബൗളര്‍മാര്‍ കൂടുതല്‍ വിക്കറ്റ് എടുക്കുന്നുണ്ടാകും. എന്നാല്‍ രണ്ടാം ദിനം രാവിലെ ടിം പെയ്‌നിനെ പുറത്താക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ബൗളര്‍ ബുംറ തന്നെയായിരുന്നുവെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

പുതിയ പന്തു കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കുന്നതിന് പകരം അനായാസം ഒഴിഞ്ഞുമാറാന്‍ കഴിയുന്ന ഷോട്ട് പിച്ച് പന്തുകളെറിയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ലൈന്‍ മികച്ചതായാലും ഷോട്ട് ബോളുകള്‍ കൊണ്ട് പെര്‍ത്തില്‍ വിക്കറ്റ് ലഭിക്കില്ലെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

Top