ഇനിയൊരു മാമാങ്കത്തിന് ബാല്യമില്ല; കാര്‍ഗില്‍ യുദ്ധത്തിലെ പോരാളിയെ ഉടന്‍ പിന്‍വലിക്കും

ടുവില്‍ ഇന്ത്യന്‍ വ്യോമസേന ആ സുപ്രധാന തീരുമാനം കൈക്കൊണ്ടു. തകര്‍ന്നുവീഴ്ചകളുടെ ചീത്തപ്പേര് സൃഷ്ടിച്ച പഴയകാല വമ്പനായ മിഗ് 27 യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ സേനാവ്യൂഹത്തില്‍ നിന്നാണ് പിന്‍വലിക്കുന്നത്. മിഗ് 27 വിമാനങ്ങളുടെ അവസാന വ്യൂഹം രാജസ്ഥാനിലെ ജോധ്പൂരില്‍ അവസാന ലാപ്പ് പറക്കും.

ഡിസംബര്‍ 27ന് ജോധ്പൂര്‍ എയര്‍ബേസില്‍ നിന്ന് ഏഴ് മിഗ് 27 യുദ്ധവിമാനങ്ങളുടെ വ്യൂഹം അവസാനയാത്ര നടത്തും. ഇതിന് ശേഷം മിഗ് 27 ഡീക്കമ്മീഷന്‍ ചെയ്യുമെന്ന് വ്യോമസേന വ്യക്തമാക്കി. മറ്റൊരു രാജ്യത്തും മിഗ് 27 യുദ്ധവിമാനം ഉപയോഗിക്കുന്നില്ലെന്നതിനാല്‍ ഇത് ചരിത്രം നിമിഷം കൂടിയാണ്. രാജ്യത്തിനായി മൂന്ന് ദശകം നീണ്ട സേവനത്തില്‍ മികവേറിയ റെക്കോര്‍ഡാണ് ഇന്ത്യയില്‍ ‘ബഹാദൂര്‍’ എന്നുവിളിക്കുന്ന മിഗ് 27 വിമാനങ്ങള്‍ക്കുള്ളത്.

1980കളില്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്നാണ് ഈ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ സുപ്രധാന ദൗത്യങ്ങളില്‍ വിലയേറിയ സേവനം നല്‍കി മിഗ് 27 അതിന്റെ യശ്ശസ്സ് ഉയര്‍ത്തി. ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര പരിശീലനങ്ങളിലും മിഗ് 27 താരമായി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ എഞ്ചിനുള്ള ഈയുദ്ധവിമാനത്തിന്റെ ചിറകുകള്‍ സുപ്രധാന ഘട്ടങ്ങളില്‍ പോലും ദിശമാറ്റാന്‍ പൈലറ്റിന് അവസരം നല്‍കുന്നതാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന യുദ്ധവിമാനമാണ് ഈ സ്വിംഗ് വിംഗ് ഫൈറ്റര്‍ ബോംബര്‍. ബോംബിടാനും, റോക്കറ്റുകള്‍ തൊടുക്കാനും ശേഷിയുള്ള മിഗ് 27 വിമാനങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിന് എയര്‍ടുഎയര്‍ മിസൈലുകളും പ്രയോഗിക്കാന്‍ കഴിയും. ഇതുകൊണ്ട് തന്നെയാണ് അപകടകാരിയായ ആയുധമായി മിഗ്27 മാറിയത്. എന്നാല്‍ ഓപ്പറേഷന്‍ ആയുസ്സ് തീര്‍ന്നതോടെ പലയിടത്ത് നിന്നും ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മാര്‍ച്ച് 31ന് രാജസ്ഥാനിലെ സിറോഹി ഗ്രാമത്തില്‍ മിഗ് 27 യുദ്ധവിമാനം തകര്‍ന്നുവീണു. സെപ്റ്റംബര്‍ 4ന് മറ്റൊരു മിഗ് 27 തകര്‍ന്നെങ്കിലും പൈലറ്റും, സഹപൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥ ആയതോടെ വ്യോമസേന പ്രായമേറിയ പോരാളിയെ പുറത്തേക്ക് നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top