വെട്ടുകിളി ഭീഷണി; സഹായവുമായി വ്യോമസേനയുടെ എംഐ17 ഹെലികോപ്ടറുകള്‍

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന വെട്ടുകിളി ഭീഷണിയെ നേരിടാന്‍ സഹായവുമായി വ്യോമസേന. വ്യോമസേനയുടെ എംഐ17 ഹെലികോപ്ടറുകള്‍ ഉപയോഗപ്പെടുത്തി വെട്ടുകിളികളെ തുരത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെട്ടുകിളികള്‍ക്കെതിരെ പ്രയോഗിക്കാനാരംഭിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വെട്ടുകിളി കൂട്ടങ്ങളെ വേഗത്തില്‍ കണ്ടെത്താനും കൂടുതലെണ്ണത്തിനെ ഒന്നിച്ച് നശിപ്പിക്കാനും കഴിയുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.

വെട്ടുകിളി കൂട്ടങ്ങള്‍ക്ക് നേരെ ആകാശത്ത് നിന്ന് തന്നെ കീടനാശിനി പ്രയോഗം നടത്താനാവും. രാജസ്ഥാനില്‍ വെട്ടുകിളി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍ ഞായറാഴ്ച തന്നെ പ്രതിരോധപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രണ്ട് മാസമായി ജോധ്പുരില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിച്ചേരുകയാണ്.

ഇതാദ്യമായാണ് ഇത്തരമൊരു പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യോമസേന പങ്കാളിയാവുന്നത്.
കെനിയ, പാകിസ്താന്‍, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് വെട്ടികിളികള്‍ കൂട്ടമായി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുമൊക്കെ ഇവയുടെ ദേശാടനത്തിന് കാരണമാകാറുണ്ട്. അടുത്ത മാസം ഇവയുടെ ശല്യം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

Top