പേള്‍ ഹാര്‍ബര്‍ വെടിവെപ്പ്; ഇന്ത്യന്‍ വ്യോമസേനാ മേധാവിയും സംഘവും സുരക്ഷിതര്‍

യുഎസിലെ പേള്‍ ഹാര്‍ബര്‍ഹിക്കാം സായുധ സേനാ താവളത്തില്‍ നടന്ന വെടിവെപ്പില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ സുരക്ഷിതനെന്ന് സ്ഥിരീകരണം. ഹവായിലെ പേള്‍ ഹാര്‍ബറില്‍ പസഫിക് എയര്‍ ചീഫുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐഎഎഫ് മേധാവി.

ബേസില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്നാമത്തെ ഇര ആശുപത്രിയില്‍ ചികിത്സയിലാണ്. യുഎസ് നേവി സെയിലറാണ് ബേസില്‍ വെടിവെപ്പ് നടത്തിയത്. ഇയാള്‍ വെടിവെച്ച് മരിക്കുകയും ചെയ്തു. അതേസമയം ബേസിലുണ്ടായിരുന്ന എയര്‍ ചീഫും, സംഘവും സുരക്ഷിതരാണെന്ന് ഐഎഎഫ് വക്താവ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അനുപം ബാനര്‍ജി വ്യക്തമാക്കി.

20 പസഫിക് ഓഷ്യന്‍ ലിറ്ററല്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനാ മേധാവികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. പേള്‍ ഹാര്‍ബറില്‍ വെടിവെപ്പ് നടന്നതായി ബേസ് വക്താക്കള്‍ സ്ഥിരീകരിച്ചെങ്കിലും വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. വെടിയൊച്ച കേട്ട് ഓടിയെത്തിയ ഒരു ദൃക്‌സാക്ഷി മൂന്ന് പേര്‍ വെടിയേറ്റ് നിലത്തുകിടക്കുന്നത് കണ്ടതായി പ്രാദേശിക പത്രത്തിന് വിവരം നല്‍കി.

സെയിലറുടെ യൂണിഫോമില്‍ നിന്നിരുന്ന ആയുധധാരി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്‌തെന്ന് ഈ ദൃക്‌സാക്ഷി വെളിപ്പെടുത്തി. അംഗരാജ്യങ്ങളുടെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

Top