അഭിനന്ദന്റെ പ്രതിമ പ്രദര്‍ശിപ്പിച്ച് പാക് വ്യോമസേന യുദ്ധ മ്യൂസിയം; അപമാനിക്കാന്‍ ശ്രമം

ന്ത്യയെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ പാകിസ്ഥാന്‍ ഏതറ്റം വരെയും നിലംപതിക്കും. ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ സ്ഥാപിച്ചാണ് പാകിസ്ഥാന്‍ വ്യോമസേന തങ്ങളുടെ നിലവാരത്തകര്‍ച്ചയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നത്.

അഭിനന്ദന്റെ പ്രതിമയ്ക്ക് അരികിലായി ഒരു ചില്ല് അലമാരയും വെച്ചിട്ടുണ്ട്. ഇതിനുള്ളിലായ ഒരു ചായക്കോപ്പയാണ് സ്ഥാപിച്ചിരിക്കുന്നത്. പാക് മാധ്യമപ്രവര്‍ത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. ‘പാക് വ്യോമസേന മ്യൂസിയത്തില്‍ അഭിനന്ദന്റെ പ്രതിമ. കൈയില്‍ ഒരു കപ്പ് മികച്ച ചായ കൂടി നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ഈ പ്രദര്‍ശനം കുറച്ചുകൂടി മികച്ചതാകും’, ലോധി കുറിച്ചു.

ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ പിടികൂടി വിട്ടയച്ച അഭിനന്ദന്‍ വര്‍ദ്ധമാനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ച പാക് സൈനികര്‍ക്ക് ഇത് നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ കമ്മാന്‍ഡര്‍ ‘ചായ നന്നായിട്ടുണ്ട്, നന്ദി’ എന്ന് മറുപടി നല്‍കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശത്രുമുഖത്ത് നില്‍ക്കുമ്പോഴും ധൈര്യപൂര്‍വ്വം ശാന്തത വെടിയാത്ത മുഖവുമായി നിന്ന അഭിനന്ദന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പാകിസ്ഥാന് ഈ ചൂട് ചായ ഇന്ത്യയെ ട്രോളാനുള്ള ആയുധം മാത്രമായി മാറി.

ക്രിക്കറ്റ് ലോകകപ്പിനിടെ വര്‍ദ്ധമാന്റെ രൂപത്തിലുള്ള വ്യക്തി ഒരു കപ്പ് പിടിച്ച് നില്‍ക്കുന്ന പരസ്യം പുറത്തുവിട്ട് പാകിസ്ഥാന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബാലകോട്ട് ഭീകരാക്രമണങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ തകര്‍ന്നുവീണത്. പാക് പ്രദേശത്ത് വീണ അഭിനന്ദനെ മാര്‍ച്ച് 1ന് ഇന്ത്യയുടെ അന്താരാഷ്ട്ര ഇടപെടലിന്റെ സഹായത്തോടെ വെറുതെവിടേണ്ടി വന്നത് പാകിസ്ഥാന് നാണക്കേടായി മാറിയിരുന്നു.

Top