കോഹ്ലിക്കും രോഹിതിനും ആര് പിന്‍ഗാമിയാകുമെന്നാണ് ആകാംഷ: സഞ്ജയ് മഞ്ജരേക്കര്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ തലമുറയില്‍ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും. ഇരുവരും കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ഇതിഹാസ താരത്തിനും സൂപ്പര്‍ നായകനും ആര് പിന്‍ഗാമിയാകുമെന്നാണ് ആരാധക ആകാംഷ. ഇക്കാര്യത്തില്‍ തന്റെ നിരീക്ഷണങ്ങള്‍ പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളെയും മഞ്ജരേക്കര്‍ അഭിനന്ദിച്ചു. സര്‍ഫറാസ്, ജുറേല്‍, ദേവ്ദത്ത് പടിക്കല്‍, ആകാശ് ദീപ് എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ബാറ്റിംഗ്, ബൗളിംഗ് നിര ഉണ്ടായിരുന്നതാണ് ഇന്ത്യന്‍ വിജയത്തിന് കാരണമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ചില മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തി. അതില്‍ സര്‍ഫറാസിനും ധ്രുവ് ജുറേലിനും ടെസ്റ്റ് ക്രിക്കറ്റിനോട് ഏറെ താല്‍പ്പര്യമുണ്ട്. എന്നാല്‍ കോഹ്ലിക്കും രോഹിതിനും ആര് പിന്‍ഗാമിയാകുമെന്ന് തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കുറച്ചുകാലം കാത്തിരിക്കാം. സര്‍ഫറാസും ജുറേലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിക്കറ്റ് കളിക്കട്ടെ. അതിന് ശേഷം മാത്രമെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത താരങ്ങളെ വിലയിരുത്താന്‍ കഴിയുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

Top