‘​ഞാൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല’; നിലപാട് വ്യക്തമാക്കി യുവരാജ് സിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി ഇന്ത്യൻ മുൻ താരം യുവരാജ് സിം​ഗ്. പഞ്ചാബിലെ ​ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി യുവരാജ് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ​ഗുരുദാസ്പൂരിൽ നിലവിലെ എം പിയായ നടൻ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർ‌ന്ന് യുവരാജ് സിം​ഗിനെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്ത്യന്‍ മുൻ താരം ഇക്കാര്യം നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

ഗുരുദാസ്പൂരിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന മാധ്യമ വാർത്തകൾ തെറ്റാണ്. ജനങ്ങളെ സഹായിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണ്. യൂവി ക്യാൻ എന്ന സംഘടനയിലൂടെ താൻ അത് ചെയ്യുന്നുണ്ട്. നമ്മുക്ക് ഒരുമിച്ച് കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കാമെന്നും യുവരാജ് സിം​ഗ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

പഞ്ചാബ് നിയമസഭയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം. 2022ൽ ആകെയുള്ള 117 സീറ്റിൽ 92ഉം നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിൽ വന്നത്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ബിജെപി.

Top