ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കില്ല; അബ്ദുള്ളയേയും മുഫ്തിയേയും വിമര്‍ശിച്ച് മോദി

കത്വ: കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി എന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ആവശ്യത്തിനെതിരെ മോദി രംഗത്ത്. ഇന്ത്യയെ വിഭജിക്കാന്‍ മുഫ്തിയേയും അബ്ദുള്ളയെയും അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. ജമ്മുവിലെ കത്വയില്‍ നടന്ന ബിജെപി റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങള്‍ ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകര്‍ത്തവരാണെന്നും മോദി ആരോപിച്ചു. അവര്‍ ഇവിടെനിന്നു പോയാല്‍ മാത്രമേ ജമ്മുകശ്മീരിന് മികച്ച ഭാവി ഉറപ്പാക്കാനാകു. മോദിയെ എത്രവേണമെങ്കിലും അവര്‍ ആക്രമിച്ചോട്ടെ, പക്ഷെ രാജ്യത്തെ വിഭജിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനെക്കുറിച്ചും മോദി വിമര്‍ശനമുന്നയിച്ചു. കശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ വിട്ടുപോകുന്നതിനുള്ള കാരണങ്ങള്‍ ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ മൂലമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്നതെന്നും അദ്ദേഹം ആരോപിച്ചു. പണ്ഡിറ്റുകളെ പീഡിപ്പിച്ചവരുടെ വോട്ടുബാങ്കുകളിലാണ് കോണ്‍ഗ്രസിനും അവരുടെ സുഹൃത്തുക്കള്‍ക്കും ആശങ്കയെന്നും മോദി ആരോപിച്ചു.

Top