ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ പേര് ചേര്‍ക്കില്ല; വെല്ലുവിളിയുമായി അഖിലേഷ് യാദവ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി തുറന്ന വെല്ലുവിളിയുമായി സമാജ്‌വാദി പാര്‍ട്ടി മേധാവിയും, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സിഎഎയും, എന്‍പിആറും രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെയാണെന്നും താന്‍ ഇവയെ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നുമാണ് പാര്‍ട്ടി യൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അഖിലേഷ് പ്രസ്താവിച്ചത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അപേക്ഷ താന്‍ പൂരിപ്പിച്ച് നല്‍കില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ‘സിഎഎയും, എന്‍പിആറും, എന്‍ആര്‍സിയും പാവപ്പെട്ടവര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും, രാജ്യത്തെ മുസ്ലീങ്ങള്‍ക്കും എതിരാണ്. നമുക്ക് എന്‍ആര്‍സി വേണോ, തൊഴില്‍ വേണോ എന്ന ചോദ്യമാണ് ഉയരുന്നത്. ആവശ്യം വന്നാല്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കാത്ത ആദ്യ വ്യക്തി ഞാനാകും’, ഈ നീക്കത്തില്‍ തന്നെ പിന്തുണയ്ക്കുമോയെന്ന് അഖിലേഷ് യുവ പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ചു.

ഈ പ്രശ്‌നങ്ങളുടെയെല്ലാം ഗുണം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലഭിക്കുമെന്നും എസ്പി മേധാവി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിര്‍ശബ്ദങ്ങള്‍ ഈ പ്രശ്‌നത്തോടെ പിന്നോട്ട് പോകും. ജനങ്ങള്‍ക്ക് നേരെ ലാത്തിവീശുന്ന പോലീസുകാരുടെ മാതാപിതാക്കളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ ചോദിക്കും, അഖിലേഷ് പറഞ്ഞു.

ഭരണഘടനാ ലംഘനത്തിന് എതിരെ എല്ലാ ഇന്ത്യക്കാരും മുന്നിട്ടിറങ്ങണമെന്ന് മുന്‍ യുപി മുഖ്യന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുന്നതാണ് ഈ വിഷയങ്ങള്‍. നോട്ട് നിരോധനം മൂലം ബാങ്കുകള്‍ പോലും പൂട്ടി. ജിഎസ്ടി ബിസിനസ്സുകളെ തകര്‍ത്തു. സമ്പദ്ഘടന ഐസിയുവില്‍ നിന്നും ഐസിസിയുവിലേക്ക് എത്തിയിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

Top