നേരില്‍ക്കണ്ടപ്പോള്‍ ഞാന്‍ നിന്ന് വിറയ്ക്കുകയായിരുന്നു; ജൂഡ് ആന്റണി

താന്‍ ഏറെ ആരാധിക്കുന്ന കമല്‍ഹാസനെ നേരിട്ടുകണ്ടതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി. കമല്‍ഹാസനെ നേരില്‍ കണ്ടപ്പോള്‍ ശരിക്കും വിറയ്ക്കുകയായിരുന്നെന്ന് ജൂഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കമല്‍ഹാസനൊപ്പമുള്ള ചിത്രങ്ങളും ജൂഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഞാന്‍ നിര്‍മ്മാതാവെന്നോ അഭിനേതാവെന്നോ സിനിമാപ്രേമിയെന്നോ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ ബഹുമുഖ പ്രതിഭയാണ്. സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാന്‍ വളര്‍ന്നത്. സിനിമയുടെ ഈ സര്‍വവിജ്ഞാനകോശത്തെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണ്. ഇന്നുവരെ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണിത്. അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു.എന്തൊരു തേജസ്സ്. നിങ്ങളെ സ്‌നേഹിക്കുന്നു സാര്‍’- എന്നാണ് ജൂഡ് കുറിച്ചത്.

 

കഴിഞ്ഞദിവസമാണ് തങ്ങളുടെ അടുത്തചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആണെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസും ജൂഡ് ആന്റണിയും ഒത്തുള്ള ചിത്രത്തിന്മേലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ ആരെന്നോ സിനിമയുടെ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top