‘പതിനെട്ടുവര്‍ഷം ഞാന്‍ ആര്‍എസ്എസുകാരന്‍; ജനങ്ങളോടുള്ള സമീപനത്തില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ’

കൊച്ചി: പതിനെട്ടുവര്‍ഷം താന്‍ ആര്‍എസ്എസുകാരനായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാല്‍ നായര്‍ക്ക് ആര്‍എസ്എസിനെക്കാള്‍ നല്ല ഇടം എന്‍എസ്എസ് ആണെന്ന് മനസിലായി. എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. ഞങ്ങള്‍ എപ്പോഴും സമദൂരനയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് സുകുമാരന്‍ നായരുടെ മറുപടി ഇങ്ങനെ; ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഇന്ത്യയില്‍ ബിജെപി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ആര്‍ക്കും വലിയ പ്രയോജനമില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു സംസ്‌കാരവും പെരുമാറ്റവും ഉണ്ട്. ഇതുപറയുന്നത് കൊണ്ട് തന്നെ കോണ്‍ഗ്രസുകാരനെന്ന് വിളിക്കരുത്. ജനങ്ങളോടുള്ള സമീപനത്തില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാല്‍ക്കല്‍ ഒരിക്കല്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിലവിലെ എന്‍എസ്എസ് നേതൃത്വത്തിന് ആര്‍എസ്എസ് നേതൃത്വവുമായി യാതൊരു സൗഹൃദവും ഇല്ല. രാജ്യത്തെ ഏക ഹിന്ദുപാര്‍ട്ടിയെന്നാണ് ബിജെപി സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ബിജെപി നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബിജെപിയുടെ നിലപാട് സത്യമായിരുന്നെങ്കില്‍ ശബരിമല സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോള്‍ ചരിത്രമായി മാറുമായിരുന്നോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

Top