കോവിഡ് പ്രതിരോധം; സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യം തിരിച്ചുവരവ് നടത്തുമെന്നും രാജ്യത്തിന്റെ ഡിഎന്‍എ തനിക്ക് മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു.

യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞത്.

‘ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന ഒരു സര്‍ക്കാര്‍ ഞങ്ങള്‍ക്കുണ്ട്. ദുസ്സഹമായ ഒരു ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ അവര്‍ തീരുമാനിച്ചു. അതിന്റെ ഫലം എല്ലാവരും കണ്ടതാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ സ്വദേശം ലക്ഷ്യമാക്കി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന കാഴ്ച.ഇത്തരം സാഹചര്യമുണ്ടാക്കുന്ന നേതൃത്വം വന്‍ പരാജയമാണ്’ രാഹുല്‍ പറഞ്ഞു.

‘ഞങ്ങള്‍ പ്രതിസന്ധികളോട് പോരാടും. അതിജീവിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. കാരണം എന്റെ രാജ്യത്തിന്റെ ഡിഎന്‍എ എനിക്ക് മനസ്സിലാകും.
ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ടുള്ള അതിന്റെ ഡിഎന്‍എ ഏത് രീതിയിലുള്ളതാണെന്ന് അറിയാം. അതൊരിക്കലും മാറ്റാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.

ഒരു മോശം അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ്19 ഒരു ഭീകരമായ സമയമാണ്. എന്നാല്‍ പ്രതിസന്ധിക്ക് ശേഷം പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത് ഞാന്‍ കാണുന്നുണ്ട്. ആളുകള്‍ മുമ്പേത്തേതിനേക്കാള്‍ കൂടുതല്‍ സഹകരിച്ച് വരുന്നത് കാണാം.ഏകീകരിക്കപ്പെടുന്നതിന്റെ ഗുണങ്ങളുണ്ടെന്ന് അവര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top